റിയാദ്: ഖത്തറിൽ നിന്നും ബഹറൈനിലേക്കുള്ള യാത്രയ്ക്കിടെ സൗദിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. സൗദി അറേബ്യയിലെ ഹുഫൂവിൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം മേൽമുറി സ്വദേശി അർജുൻ മനോജ് കുമാർ (34 വയസ്സ്), കോട്ടയം മണക്കനാട് സ്വദേശി പാലത്താനത്ത് എബി അഗസ്റ്റിൻ (41 വയസ്സ്) എന്നിവരാണ് മരിച്ചത്.
ബക്രീദ് അവധി ആയതിനാൽ ബഹ്റൈനിലേക്ക് വിനോദയാത്ര പോയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് എട്ടംഗ സംഘം രണ്ട് കാറുകളിലായി ദോഹയിൽ നിന്നും യാത്ര പുറപ്പെട്ടത്. ഖത്തറിൽ നിന്നും സൗദി അതിർത്തി കടന്ന് ബഹ്റൈനിലേക്ക് യാത്ര തുടരുന്നതിനിടെയായിരുന്നു അപകടം. സൗദി അറേബ്യയിലെ അബു സംറ ബോർഡറിൽ നിന്നും 80 കിലോമീറ്റർ പിന്നീട്ട ശേഷം ഹുഫൂഫിൽ എത്തുന്നതിന് മുൻപായി ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ റോഡരികിലെ മണൽത്തിട്ടയിൽ ഇടിച്ചു കയറുകയായിരുന്നു. മണൽത്തിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ പല തവണ മറിഞ്ഞുവെന്നാണ് വിവരം. കാറിൻ്റെ പിൻനിരയിലായിരുന്നു അർജുനും എബിയും ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ അർജുൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എബി അഗസ്റ്റിനെ ഹുഫൂഫിലെ അൽമന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർജുൻ മനോജിൻ്റെ മൃതദേഹം കിംഗ് ഹഫദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൻ്റെ മുൻനിരയിലുണ്ടായിരുന്ന ഇവരുടെ മറ്റു രണ്ട് സുഹൃത്തുകൾ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകൻ നാസർ പാറക്കടവിൻ്റെ നേതൃത്വത്തിൽ ഹുഫൂഫിലെ കെഎംസിസി പ്രവർത്തകർ ഇതിനായി ശ്രമം തുടങ്ങി. എന്നാൽ ബലി പെരുന്നാൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾ അവധിയായത് നടപടികൾ വൈകാൻ കാരണമായേക്കും എന്നാണ് സൂചന. മരണപ്പെട്ട എബി അഗസ്റ്റിൻ്റെ കുടുംബം ഖത്തറിലുണ്ട്.