ഹൈദാരബാദില്‍ ആഘോഷത്തിനിടെ സ്റ്റേജിലുണ്ടായ അപകടത്തില്‍ സ്വകാര്യ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. യു.എസ് സോഫ്റ്റ്വെയര് കമ്പനിയായ വിസ്റ്റെക്സ് ഏഷ്യ-പസഫിക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സഞ്ജയ് ഷായാണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങിനിടെ ചങ്ങല പൊട്ടി 20 അടിയോളം താഴ്ചയിലേക്ക് വീണാണ് സഞ്ജയ് ഷാ മരിച്ചത്. കമ്പനിയുടെ പ്രസിഡന്‍ഡ് വിശ്വനാഥ് രാജു ദറ്റ്ലയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആഘോഷ പരിപാടി നടന്ന സ്റ്റേജില്‍ 40-50 അടി ഉയരത്തില്‍ നിന്ന് കമ്പനി സിഇഒയെയും പ്രസിഡന്റിനെയും താഴേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ഇരുമ്പ് കൂടിന്റെ ഒരു വശത്തെ ചങ്ങല പൊട്ടി വീണാണ് അപകടമുണ്ടായത്. ഏകദേശം 20 അടിയോളം വരുന്ന താഴ്ചയിലേക്കാണ് ഇരുവരും വീണത്. ഉടന്‍ തന്നെ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സഞ്ജയ് ഷാ മരണപ്പെട്ടു. ദറ്റ്ലയുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
അപകടം നടക്കുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ ഒരു ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിലിം സിറ്റി ഇവന്റ് മാനേജ്മെന്റ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.