ഷെയ്ൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RDX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി. ഷെയ്ൻ നിഗം നടുക്കും ഇരുവശത്തുമായി ആന്റണി പെപ്പെയും നീരജ് മാധവും നിൽക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്.
സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് നേരത്തെ തന്നെ ചിത്രം ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 25ന് ഓണം റിലീസായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർഡിഎക്സ് തീയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ എഡിറ്റ് അമ്മയെ കാണിക്കണമെന്നും സിനിമയുടെ പ്രമോയിലും പോസ്റ്ററിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നുമാവശ്യപ്പെട്ട് ഷെയ്ൻ നിഗം പ്രൊഡ്യൂസറിന് കത്തയച്ചിരുന്നു. താരവുമായുള്ള പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.
താരസംഘടനയായ അമ്മ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയത്.