കാണാതായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തെരച്ചിലിനിടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ ടൈറ്റൻ പേടകത്തിൻ്രേത് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് ഉടൻ പ്രസ്താവന നടത്തും.
സമുദ്രമേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന ഹൊറൈസണ്‍ ആർട്ടിക്കിൻ്റെ വിദൂര നിയന്ത്രിത വാഹനമാണ് ടൈറ്റാനിക് കപ്പലിൻ്റ അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്നും പുതിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം കാണാതായ ടൈറ്റൻ അന്തര്‍വാഹിനിയിലുള്ള അഞ്ച് പേരെ ജീവനോടെ രക്ഷിക്കാനാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ. ടൈറ്റൻ അന്തർവാഹിനിയിലുള്ള ഓക്സിജൻ ഇതിനോടകം തീർന്നിരിക്കാനാണ് സാധ്യത. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ ടൈറ്റൻ സമുദ്രപേടകത്തിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. ടൈറ്റൻ സമുദ്രപേടകത്തെ കണ്ടെത്താൻ കപ്പലുകളും വിമാനങ്ങളും രംഗത്തുണ്ട്. സമുദ്രപര്യവേക്ഷണ കപ്പലുകളിൽ നിന്നുള്ള വിദൂര നിരീക്ഷണ റോബോട്ടുകൾ കടലിൻ്റെ അടിത്തട്ടിലിറക്കിയും പരിശോധന തുടരുകയാണ്. തെരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.