ദുബൈ: ബലി പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിൽ ഇക്കുറി ആറ് ദിവസം അവധി. സ്കൂൾ അവധിക്കാലം കൂടി വരുന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് നാട്ടിൽ പോയി വരാൻ അവധി ഉപകാരപ്പെട്ടേക്കും. എന്നാൽ വിമാനടിക്കറ്റുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ഭൂരിപക്ഷം പേർക്കും നാട്ടിലേക്കുള്ള യാത്ര അസാധ്യമാകുന്ന അവസ്ഥയാണ്.
ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളി വരെയാണ് ഇക്കുറി ഈദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശനി,ഞായർ വാരന്ത്യഅവധി കൂടിചേർക്കുമ്പോൾ തുടർച്ചയായി ആറ് ദിവസം അവധി കിട്ടും. ജൂണ്‍ 26-ന് രാത്രി 10-20-ന് പുറപ്പെടുന്ന ഷാർജ – കോഴിക്കോട് വിമാനത്തിൽ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 73550 രൂപയാണ് ഒരു ടിക്കറ്റിന് ചാർജ്ജ് കാണിക്കുന്നത്.
ഈ സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികൾക്കോ പ്രവാസി കുടുംബങ്ങൾക്കോ നാട്ടിലെത്തണി തിരികെ വരണമെങ്കിൽ ലക്ഷങ്ങൾ ചിലവാക്കേണ്ടി വരും. ഗ്രൂപ്പ് ടൂറുകൾക്കും അവധിക്കാല പാക്കേജുകൾക്കുമുള്ള ആവശ്യം ഈദ് അൽ ഫിത്തറിനെ അപേക്ഷിച്ച് 47 ശതമാനം ഇക്കുറി വർധിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം. കൂടുതൽ പേർ കുടുംബസമേതം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ വിമാനയാത്രാടിക്കറ്റുകൾക്ക് തീവില നൽകേണ്ട അവസ്ഥയാണ്.