സംസ്ഥാനത്ത് നാളെയും മറ്റന്നാളും സിനിമാ തീയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക്. മുൻപ് നിശ്ചയിച്ചിരുന്ന കരാർ ലംഘിച്ച് സിനിമകൾ വേഗത്തിൽ ഒ ടി ടി യിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് തീയറ്ററുകൾ അടയ്ക്കുന്നത്.
ഈ വർഷം തീയറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച 2018 സിനിമ വേഗത്തിൽ ഒ ടി ടി റിലീസ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഫിയോക്കിന്റെ പ്രതിഷേധം.
തീയറ്ററുടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ പ്രകാരം സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒ ടി ടി റിലീസ് ചെയ്യാൻ പാടുള്ളൂ. എന്നാൽ ‘2018 ‘ പുറത്തിറങ്ങി 33 ദിവസം പൂർത്തിയാകുമ്പോൾ തന്നെ സോണി ലിവിലൂടെ ചിത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നതാണ് സമരത്തിന് കാരണം.
സമരം നടക്കുന്ന ദിവസങ്ങളിൽ ഓൺലൈനായി ടിക്കറ്റെടുത്തവരുടെ പണം തിരികെ നൽകുമെന്നും തീയറ്ററുടമകൾ അറിയിച്ചു. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.