തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു
റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ –
അവസരത്തിനായി സ്ത്രീകൾ വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥ
സിനിമാമേഖലയിൽ വ്യാപക ലൈംഗീക ചൂഷണമെന്ന് ഒന്നിലധികം പേരുടെ മൊഴി
അക്രമികളെ സംരക്ഷിക്കാനും സ്ത്രീകളെ ചൂഷണം ചെയ്യാനും പ്രമുഖ നടൻമാരും
ലൈംഗീക ചൂഷണത്തിനായി ഏജൻ്റുമാരും രംഗത്ത്
വഴിവിട്ട കാര്യത്തിന് സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും
സഹകരിക്കാൻ തയ്യാറാവാത്തവർക്ക് അവസരം നിഷേധിക്കും
സ്ത്രീകള് മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് കമ്മീഷൻ്റെ മറ്റൊരു കണ്ടെത്തൽ . മൊഴി നല്കാന് പല സാക്ഷികളും തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരാണെന്നാണ് കിട്ടിയ മൊഴി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയുണ്ടെന്നും നിയമപരമായി നീങ്ങിയാൽ കനത്ത പ്രത്യാഘാതമാണ് നേരിടേണ്ടി വരുന്നതെന്നും റിപ്പോർട്ടിലുണ്ട്. സൈബർ ഇടങ്ങളിലെ ആക്രമണങ്ങളും നടിമാരെ നിശബ്ദരാക്കുന്ന നിലയുണ്ട്.
ചില പ്രത്യേക സംഘങ്ങളുടെ കൈയിലാണ് മലയാള സിനിമ. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകളെ എങ്ങനെയും ഉപയോഗിക്കാമെന്നും സ്ത്രീകൾ സിനിമയിലേക്ക് വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയാണെന്നുമുള്ള പൊതുധാരണയും സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്. . നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്
അഭിനയത്തോടുള്ള ആഗ്രഹം മൂലം പലരും അതിക്രമങ്ങൾ പുറത്തു പറഞ്ഞില്ല. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്ന് സംവിധായകൻ നടിയെ സഹകരിച്ചുവെന്നും മൊഴിയിൽ ആരോപിക്കുന്നു.