ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് എം.പി എളമരം കരീം അയച്ച കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി.
10 വയസിന് താഴെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്ന ആവശ്യം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് എതിരാണെന്ന് മറുപടിയില്‍ പറയുന്നു. അതേസമയം ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.
12 വയസിന് താഴെയുള്ളവര്‍ ഇരുചക്ര വാഹനത്തിലുണ്ടെങ്കില്‍ ഇവരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്.
അതേസമയം റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടികളും ആരംഭിക്കും.