ഗോൾഡൻ വിസ പരിഷ്കാരങ്ങൾ യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും അവർ നടത്തുന്ന നിക്ഷേപത്തിലും കുതിപ്പിന് കാരണമായതായി വിലയിരുത്തൽ. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ യുഎഇ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് 83.62 ബില്യൺ ദിർഹം ഇന്ത്യക്കാർ നിക്ഷേപിച്ചെന്നാണ് കണക്ക്. യുഎഇയിലെ ഉയർന്ന ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 2027 ഓടെ 107 ശതമാനം വളർച്ചയുണ്ടാകും എന്നാണ് പ്രവചനം.,
യുഎഇയിലെ 88 ശതമാനത്തിലധികം വരുന്ന പ്രവാസി ജനസംഖ്യയിൽ 27.9 ശതമാനവും ഇന്ത്യക്കാരാണ്. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ റിയൽ എസ്റ്റേറ്റ് ഏജൻസിയായ യുണീക് പ്രോപ്പർട്ടീസ് പറയുന്നതനുസരിച്ച്, നഗരത്തിൽ വസ്തു വാങ്ങുന്ന വിദേശികളിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്.
ഇന്ത്യയിലെ നികുതി നിരക്കുകളും യുഎഇയിൽ കിട്ടുന്ന നികുതിയിളവുകളും കൂടുതൽ ഇന്ത്യക്കാരെ യുഎഇിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യക്കാർ കൂടിയത് ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയേയും സജീവമാക്കി നിർത്തുന്നു. കണക്കുകൾ പ്രകാരം 7.94 ലക്ഷം ഇന്ത്യക്കാരാണ് ദുബായിൽ മാത്രമുള്ളത്. അടുത്ത നാല് വർഷത്തിൽ ഇത് 16 ലക്ഷമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.