ചെന്നൈ: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗിസിനെ വിജയത്തിലേക്ക് നയിച്ചത് ബിജെപി പ്രവർത്തകനായ രവീന്ദ്ര ജഡേജയാണെന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. ന്യൂസ് 18 തമിഴ്നാടിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈ ഇങ്ങനെ പറഞ്ഞത്.
തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ അവസാന പന്തിലാണ് എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിംഗ്സ് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. അവസാന രണ്ട് പന്തിൽ ജയിക്കാൻ ചെന്നൈയ്ക്ക് ജയിക്കാൻ പത്ത് റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നു. ആദ്യം സിക്സും കനത്ത സമ്മർദ്ദത്തിനൊടുവിൽ അവസാന പന്തിൽ ഫോറും നേടിയ രവീന്ദ്ര ജഡേജ ചെന്നൈയെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു.
“ജഡേജ ബിജെപി പ്രവർത്തകനാണ്, അദ്ദേഹം ഗുജറാത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിൻ്റെ ഭാര്യ ബിജെപി എംഎൽഎയാണ്. ഒരു തമിഴൻ എന്ന നിലയിൽ ചെന്നൈയുടെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. എന്നാൽ സിഎസ്കെയിൽ ഉള്ളതിനേക്കാൾ കൂടുതൽ തമിഴർ ഗുജറാത്ത് ടൈറ്റൻസ് ടീമിലുണ്ടായിരുന്നു, അതും ആഘോഷിക്കേണ്ടതാണ്” അണ്ണാമലൈ പറഞ്ഞു.
ഐപിഎൽ ഫൈനലിലെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിജയം ഗുജറാത്ത് മോഡലിന് മേലുള്ള ദ്രാവിഡ മാതൃകയുടെ വിജയമാണെന്ന ഡിഎംകെയുടെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവച്ച തമിഴ്നാട് സ്വദേശി സായ് സുദർശനെയും ബിജെപി തമിഴ്നാട് അധ്യക്ഷൻ പ്രശംസിച്ചു. “ ഫൈനലിൽ 96 റൺസ് ഒരു തമിഴൻ അടിച്ചു, ഞങ്ങൾ അതും ആഘോഷിക്കും. ഒരു തമിഴൻ പോലും സിഎസ്കെയിൽ കളിച്ചിട്ടില്ല. എന്നാൽ എംഎസ് ധോണി കാരണം ഞങ്ങൾ ഇപ്പോഴും സിഎസ്കെയുടെ വിജയം ആഘോഷിക്കുന്നു. വിജയിച്ച റൺ ബിജെപി പ്രവർത്തകൻ നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ”അണ്ണാമലൈ കൂട്ടിച്ചേർത്തു.
രവീന്ദ്ര ജഡേജയുടെ ഭാര്യ ഭാര്യ റിവാബ ജഡേജ 2019ൽ ബിജെപിയിൽ ചേരുകയും 2022ൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് നിയമസഭാ സീറ്റിൽ നിന്നും 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തിരുന്നു.