സാൻഫ്രാൻസിസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് എല്ലാം അറിയാം എന്ന് കരുതുന്നയാളാണ് പ്രധാനമന്ത്രിയെന്നും വേണ്ടി വന്നാൽ അദ്ദേഹം ദൈവത്തിന് പോലും സാരോപദേശം നൽകുമെന്നും രാഹുൽ പറഞ്ഞു.
അമേരിക്കയിൽ സന്ദർശനം നടത്തുന്ന രാഹുൽ സാൻഫ്രാൻസിസ്കോയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സാൻഫ്രാൻസിസ്കോ അടക്കം അമേരിക്കയിലെ മൂന്ന് നഗരങ്ങളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന യാത്രയ്ക്കിടെ രാഹുലെത്തും. സന്ദർശന വേളയിൽ ഇന്ത്യൻ പ്രവാസികളുമായും അമേരിക്കൻ ജനപ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും
സാൻഫ്രാൻസിസ്കോയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ, ജാതി സെൻസസ് വേണമെന്ന പാർട്ടിയുടെ നിലപാട് രാഹുൽ ഗാന്ധി ആവർത്തിച്ചു. ജാതി വിവേചനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സമൂഹത്തിന്റെ എക്സ്റേ ആയിരിക്കും ജാതി സെൻസസെന്ന് അദ്ദേഹം പറഞ്ഞു. ന്യായ്, എംജിഎൻആർഇജിഎ തുടങ്ങിയ പദ്ധതികൾ പാവപ്പെട്ടവർക്ക് സാമ്പത്തിക നീതി ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിൻ്റെ വാക്കുകൾ –
തനിക്ക് എല്ലാം അറിയാം എന്ന് കരുതുന്ന ചില മനുഷ്യരുണ്ട്. ദൈവത്തിനൊപ്പമിരുന്ന് കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ചില മനുഷ്യർ ഇന്ത്യയിലുമുണ്ട്. അതിൽപ്പെട്ട ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി. ദൈവത്തിൻ്റെ കൂടെ മോദിജിയെ ഇരുത്തിയാൽ ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ദൈവത്തിന് പറഞ്ഞു കൊടുക്കും. ചിലപ്പോ എന്താണ് സൃഷ്ടിച്ചു വച്ചതെന്ന് ദൈവത്തിന് വരെ തോന്നി പോകും. ഇതൊക്കെ തമാശയാണ് എന്നാൽ ഇതാണിപ്പോൾ സംഭവിക്കുന്നത്. ഇവർ ശാസ്ത്രജ്ഞർമാരെ ഉപദേശിക്കും, സൈനികർക്ക് യുദ്ധതന്ത്രങ്ങൾ പറഞ്ഞു കൊടുക്കും, വിമാനം പറത്തേണ്ടത് എങ്ങനെയെന്ന് വ്യോമസേനയ്ക്ക് പറഞ്ഞു കൊടുക്കും, ചരിത്രം രചിക്കുന്നതിൽ ചരിത്രകാരൻമാർക്ക് ക്ലാസ്സെടുക്കും.. അവർക്കൊന്നും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. നിങ്ങൾ മറ്റുള്ളവരെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ ജീവിതത്തിൽ പിന്നെയൊന്നും പഠിക്കാൻ പറ്റില്ല. ഭാരത് ജോഡോ യാത്രയിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം അതാണ് ഒരോ മനുഷ്യനിൽ നിന്നും എന്തെങ്കിലും ഒന്ന് പഠിക്കാനുണ്ട്.
ഭാരത് ജോഡോ യാത്ര തടയാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ചു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഒന്നും ഫലിച്ചില്ല, അതിനാൽ തന്നെ ഭാരത് ജോഡാ യാത്ര ബിജെപിക്കുണ്ടാക്കിയ ആഘാതം വർദ്ധിച്ചു. ഒരാൾ കൃത്യമായി ചരിത്രം പഠിച്ചാൽ, ഗുരു നാനാക്ക് ദേവ് , ഗുരു ബസവണ്ണ , നാരായണ ഗുരു എന്നിവരുൾപ്പെടെ എല്ലാ ആത്മീയ നേതാക്കളും സമാനമായ രീതിയിൽ രാജ്യത്തെ ഒന്നിപ്പിച്ചെന്ന് തിരിച്ചറിയാവാനും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ആഴ്ചകൾ ബാക്കിനിൽക്കേയാണ് അമേരിക്കയിലെത്തി രാഹുൽ മോദിയെ കടന്നാക്രമിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ജൂണിലാണ് യുഎസിലെത്തുന്നത്.