അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി അവധി ദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയത്. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
കുടുങ്ങിക്കിടക്കുന്ന ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
14 മണിക്കൂറായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. ബുക്കിംഗ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതി വിശേഷമുണ്ടെന്നും അതിനൊരു പരിഹാരം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം ശബരിമലയില്‍ തിരക്ക് ക്രമാതീതമായി കൂടുകയാണ്. കോട്ടയം പാല പൊന്‍കുന്നം വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതിനാല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.