ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം കൂടി അടയാളപ്പെടുത്തുന്നതായിരിക്കും ഈ നാണയം.
നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭത്തിൻ്റെ ചിത്രമുണ്ടാകും, അതിനു താഴെ “സത്യമേവ ജയതേ” എന്ന് എഴുതിയിരിക്കും. “ഭാരത്” എന്ന വാക്ക് ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് “ഇന്ത്യ” എന്ന വാക്ക് ഇംഗ്ലീഷിലും എഴുതും.
നാണയത്തിൽ രൂപ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ 75 എന്നും ഉണ്ടായിരിക്കും. നാണയത്തിന്റെ മറുവശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രമുണ്ടാവും. “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും “പാർലമെന്റ് കോംപ്ലക്സ്” എന്ന് താഴെ ഇംഗ്ലീഷിലും എഴുതും.
44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലാവും നാണയം. 50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവ ഉൾപ്പെടുന്ന നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമ്മിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 20 പ്രതിപക്ഷ പാർട്ടികളെങ്കിലും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.