പാലക്കാട് മണ്ണാര്‍ക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 10(1)(ബി) പ്രകാരമാണ് ജില്ലാ കളക്ടര്‍ സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
ലൊക്കേഷന്‍ സ്കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് വിജിലന്‍സ് വിഭാഗമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ പണമായും 71 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
35 ലക്ഷം രൂപ, 150 പേന, 10 ലിറ്റര്‍ തേന്‍, ഒരു ചാക്ക് കുടംപുളി എന്നിവയും കണ്ടെടുത്തിരുന്നു. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.
എന്ത് ആവശ്യത്തിന് വന്നാലും കൈക്കൂലി വാങ്ങുന്നയാളായിരുന്നു സുരേഷ് കുമാര്‍ എന്ന് നാട്ടുകാര്‍ പറയുന്നു. 500 ല്‍ കുറയാത്ത പൈസയാണ് കൈക്കൂലിയായി വാങ്ങിയിരുന്നത്.