വധശിക്ഷ റദ്ദാക്കണമെന്ന നിമിഷപ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് പോകാന്‍ അനുമതി തേടി ഡല്‍ഹി ക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീയെന്ന പരിഗണന നല്കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ അറസ്റ്റ് ചെയ്തത്. യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ തലാല്‍ തന്നെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കൊല നടത്തിയതെന്ന് നിമിഷപ്രിയ കോടതിയില്‍ വാദിച്ചു.
തലാലിന്റെ കുടുംബം മാപ്പ് നല്കിയാല് പ്രതിയ്ക്ക് ശിക്ഷയിളവ് ലഭിക്കും. കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം നല്‍കേണ്ടി വരുമെന്നും ജയില്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.