ദില്ലി: മെയ് 28-ന് നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. വിഡി സവർക്കറുടെ ജന്മദിനത്തിലല്ല, സ്വാതന്ത്ര്യ ദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ ഗാന്ധി ജയന്തിയ്ക്കോ ആണ് ഉദ്ഘാടന പരിപാടി നടത്തേണ്ടിയിരുന്നതെന്ന് ലോക്സഭയിലെ തൃണമൂൽ കക്ഷി നേതാവ് സുദീപ് ബന്ദ്യോപാധ്യായ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
മെയ് 28ന് നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലോ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമായിരുന്നു. വി ഡി സവർക്കറുടെ ജന്മദിനത്തിൽ ഇത് ചെയ്യാൻ പാടില്ലായിരുന്നു.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് കേന്ദ്രത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “പഴയ പാർലമെന്റ് മന്ദിരത്തിന് ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഇക്കാര്യത്തിലൊക്കെ സർക്കാർ മൗനത്തിലാണ്. പ്രതിപക്ഷ പാർട്ടികളെ പൂർണണായി ഇരുട്ടിൽ നിർത്തിയിരിക്കുകയാണ് – സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.
മെയ് 18-നാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. ഹിന്ദുത്വ സൈദ്ധാന്തികനായ വിഡി സവർക്കറുടെ ജന്മദിനത്തിലാണ് പാർലമെൻ്റ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതേ ചൊല്ലി നിരവധി പാർട്ടികൾ വിമർശനം ഉന്നയിച്ചു.
ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേരുന്നതാണ് ഇന്ത്യൻ പാർലമെൻ്റെന്നും ലോക്സഭയിലെ കക്ഷിനേതാവായ പ്രധാനമന്ത്രി എങ്ങനെയാണ് രാഷ്ട്രപതിയെ മറികടന്ന് പാർലമെൻ്റ് ഉദ്ഘാടനം ചെയ്യുകയെന്നും പ്രതിപക്ഷനേതാക്കൾ ചോദിച്ചു.ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.