പ്രഭാസ് നായക വേഷം അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ചിത്രം രാമായണത്തെയും ശ്രീരാമനെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസേനയാണ് ഹർജി ഫയൽ ചെയ്തത്.
സിനിമ ചിത്രീകരണത്തെ കുറിച്ചും കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. വാൽമീകി മഹർഷിയുടെയും തുളസീദാസിന്റെയും കൃതികൾക്ക് വിരുദ്ധമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മതപരമായ കഥാപാത്രങ്ങളെ വികലമായി അവതരിപ്പിച്ചിരിക്കുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇതുവഴി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹിന്ദുസമൂഹത്തെ അപമാനിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു
രാവണൻ, ഹനുമാൻ എന്നീ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് പുരാണത്തിൽ പറയുന്നതിൽ നിന്നും വിഭിന്നമായാണെന്ന് ഹർജിയിൽ പറയുന്നു. രാവണന്റെ താടിയുള്ള രൂപത്തിനെതിരെയും വിമർശനമുന്നിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാക്കൾ, ഔദ്യോഗിക വക്താക്കൾ എന്നിവരെ പ്രതിചേർത്താണ് ഹർജി നൽകിയത്.ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് പൊതുതാല്പര്യ ഹർജി നൽകിയത്