കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സാധാരണ മനുഷ്യരുടെ ശക്തി വിജയിച്ചു. ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം.
വെറുപ്പിന്റെ വിപണി അടപ്പിച്ച് കര്‍ണാടകയില്‍ സ്നേഹത്തിന്റെ കട തുറക്കാനായി. ഈ തെരഞ്ഞെടുപ്പ് പോരാട്ടം സ്നേഹത്തിന്റെ ഭാഷയിലാണ് നടത്തിയതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തുന്നത്. 136 സീറ്റുകളില്‍ മുന്നേറുന്ന കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. കര്‍ണാടകയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. 65 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ജെഡിഎസിനും കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല.
അതേസമയം കര്‍ണാടകയില്‍ ബിജെപിയുടെ ഓപ്പറേഷന് താമര നടപ്പിലാവില്ലെന്ന് സിദ്ധരാമയ്യയും പറഞ്ഞു. കര്‍ണാടകയിലെ ജനത ഒരുമാറ്റം ആഗ്രഹിച്ചിരുന്നു. കാരണം ബിജെപി സര്ക്കാരിനാല് അവര്‍ അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ബി.ജെ.പി അധികാരത്തില്‍ വരികയില്ലെന്നും അദ്ദേഹം പറഞ്ഞു.