മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കാസര്‍ഗോഡ് ജില്ല സെഷന്‍സ് കോടതി. ഈ മാസം 21ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതുവരെ പ്രതികളാരും കോടതിയില്‍ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി അറിയിച്ചത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കെ സുരേന്ദ്രനെതിരായ കേസ്.സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോകല്‍ ആരോപണവുമായി കുടുംബവും ബി.എസ്.പിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ.സുന്ദര തന്നെ രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന് നല്‍കിയെന്നും സുന്ദര വെളിപ്പെടുത്തി.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് തോറ്റത്. 467 വോട്ടാണ് അന്ന് സുന്ദരയ്ക്ക് ലഭിച്ചിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും സുന്ദര പത്രിക സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് വിവാദമുണ്ടാകുന്നത്. പിന്നീട് സുന്ദര പത്രിക പിന്‍വലിച്ചതായും ബി.ജെ.പിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും ഇത് സുന്ദര തന്നെ നിഷേധിച്ചിരുന്നു.