ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് ഗവർണർ ക്ഷേത്രത്തിലെത്തിയത്.
കിഴക്കേ ഗോപുര നടയ്ക്ക് മുന്നിലെത്തിയ ഗവർണറെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വികെ വിജയൻ സ്വീകരിച്ചു. കളഭം, തിരുമുടിമാല, പട്ട്, പാൽപ്പായസം എന്നിവ നൽകിയാണ് ദേവസ്വം ബോർഡ് ചെയർമാൻ ഗവർണറെ സ്വീകരിച്ചത്. പ്രസാദം തൊട്ടുവണങ്ങിയാണ് ഗവർണർ ഏറ്റുവാങ്ങിയത്.
ദർശനത്തിന് ശേഷം കിഴക്കേ നടയിൽ വച്ച് ഗവർണർ തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. 4250 തുലാഭാരത്തിനായി ദേവസ്വത്തിൽ അടച്ചു. ആചാര അനുഷ്ഠാനങ്ങൾക്കും മതങ്ങൾക്കും അതീതമാണ് ഗുരുവായൂർ ദർശനം നൽകുന്ന ആത്മീയാനുഭവമെന്ന് ഗവർണർ പറഞ്ഞു.