ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ വിഘടനവാദികൾ ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയ സംഭവത്തിൽ പാകിസ്ഥാൻ്റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദികളാണ് ട്രെയിൻ റാഞ്ചിയ സംഭവത്തിന് പിന്നിലെന്നായിരുന്നു പാകിസ്ഥാൻ്റെ ആരോപണം.
“ബലൂചിസ്ഥാനിൽ ട്രെയിൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ സൈനിക വക്താവ് നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ നിരാകരിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിച്ച് പാകിസ്ഥാൻ സ്വന്തം സുരക്ഷയിലും അഭ്യന്തര കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് – അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹാർ ബൽഖി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ്സ് എന്ന പാസഞ്ചർ ട്രെയിൻ വിഘടനവാദികളായ തീവ്രവാദികൾ ഹൈജാക്ക് ചെയ്തത്. ബലൂചിസ്ഥാനിലെ ബൊളാൻ മേഖലയിൽ വച്ചാണ് ഇവർ ട്രെയിൻ ആക്രമിച്ചതും പാകിസ്ഥാൻ സൈനികരായ നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കിയതും. ട്രെയിൻ ആക്രമിച്ച് റാഞ്ചിയതത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനിൽ ആസ്ഥാനമായുള്ള തീവ്രവാദ നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നായിരുന്നു പാകിസ്ഥാൻ സൈനിക വക്താവിൻ്റെ ആരോപണം. അഫ്ഗാനിലെ തീവ്രവാദി നേതാക്കളും ട്രെയിൻ റാഞ്ചിയവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുകളുണ്ടെന്നും സൈന്യം ആരോപിക്കുന്നു.
അതേസമയം ബലൂച് കലാപകാരികൾ റാഞ്ചിയ ട്രെയിനിലെ ബന്ദികളെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ സുരക്ഷാ സേന വിജയകരമായി പൂർത്തിയാക്കിയതായും അക്രമി സംഘത്തിൽ ഉൾപ്പെട്ട 33 തീവ്രവാദികളെയും കൊന്നതായും പാകിസ്ഥാൻ ആർമി വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ബുധനാഴ്ച പറഞ്ഞു. ഓപ്പറേഷനിൽ 21 യാത്രക്കാരും നാല് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടതായും വക്താവ് പറഞ്ഞു.
എന്നാൽ സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും പാകിസ്ഥാൻ സൈന്യത്തിന് കനത്ത നഷ്ടം സംഭവിക്കുന്നുണ്ടെന്നുമാണ് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെടുന്നത്. പല സ്ഥലങ്ങളിലായി ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. “അധിനിവേശ സൈന്യം (പാകിസ്ഥാൻ സൈന്യം) യുദ്ധക്കളത്തിൽ വിജയം നേടുകയോ ബന്ദികളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല, ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടം തുടരുകയാണ്” – ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.