തിരുവനന്തപുരം: പ്രത്യേക ദൗത്യസംഘം അതിസാഹസികമായി മയക്കുവെടി വച്ച് പിടികൂടി പെരിയാർ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതി അംഗം ഡോ.പി.എസ് ഈസ. ആനകൾ ഓർമശക്തിയുള്ള മൃഗങ്ങളാണെന്നും പ്രശ്നക്കാരായ പ്രശ്നക്കാരായ പല ആനകളേയും നേരത്തെ പിടികൂടി വേറെ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ചില ആനകൾ തിരിച്ചു വന്ന ചരിത്രമുണ്ടെന്നും അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയിലെ അംഗമായ ഈസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അരിക്കൊമ്പൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ ചില പാളിച്ചകൾ വന്നിട്ടുണ്ട്. ദൗത്യത്തിന് വലിയ പബ്ലിസിറ്റിയാണ് കിട്ടിയത്. ഈ സാഹചര്യം വനംവകുപ്പ് ഒഴിവാക്കണമായിരുന്നു. ആളുകൾക്ക് വട്ടപ്പേര് കൊടുക്കും പോലെയാണ് കാട്ടാനയ്ക്ക് അരിക്കൊമ്പൻ എന്ന പേരിട്ടത്. അരിമാത്രം തിന്നുന്ന ആനയെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. അരിക്കൊമ്പൻ്റെ പിണ്ഡം പരിശോധിച്ചപ്പോൾ അതിൽ ഒരു തരി പോലും അരിയുണ്ടായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് ചിന്നക്കനാൽ സിമൻ്റ് പാലത്തിന് സമീപത്ത് നിന്നും അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയത്. അടുത്ത ദിവസം പുലർച്ചെയോടെ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആനയെ തുറന്നു വിട്ടു. ചിന്നക്കനാലിൽ നിന്നും 72 കിലോമീറ്റർ അകലെയാണ് പെരിയാർ വന്യജീവിസങ്കേതം.
തുറന്നു വിട്ടതിന് അടുത്ത ദിവസം പെരിയാർ വനത്തിൽ തമിഴ്നാട് അതിർത്തിയിലെ മേഘമലൈ വനമേഖയിലേക്ക് കടന്ന അരിക്കൊമ്പൻ നിലവിൽ കേരള – തമിഴ്നാട് അതിർത്തിയിലൂടെ നീങ്ങുകയാണ്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നും അധികൃതർക്ക് സിഗ്നൽ ലഭിക്കുന്നില്ല. ഇതിനാൽ ആനയെ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വനംവകുപ്പ്.