കൊച്ചി: വന്ദേഭാരത് എക്സ്പ്രസ്സിന് തിരൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കണ്ണൂർ സ്വദേശിയായ ആളാണ് തിരൂർ സ്റ്റേഷനിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാൻ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഹർജി തള്ളിയത്. മലപ്പുറം ജില്ലയിലെവിടെയും വന്ദേഭാരതിന് സ്റ്റോപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്. ട്രയൽ റണ്ണിൽ വന്ദേഭാരത് തിരൂരിൽ നിർത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ട്രെയിനുകളുടെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയാണെന്നും ഇതൊക്കെ റെയിൽവേയുടെ അധികാര പരിധിയിൽ ഉൾപ്പെട്ട കാര്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. വിശദമായ പഠനത്തിന് ശേഷമാവും റെയിൽവേ സ്റ്റോപ്പ് അനുവദിക്കുക അതിനെ മറികടന്ന് കോടതിക്ക് ഇടപെടാനാവില്ല. മാത്രമല്ല ആളുകളുടെ താത്പര്യത്തിന് അനുസരിച്ച് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാവില്ലെന്നും വന്ദേഭാരത് പോലൊരു അതിവേഗ തീവണ്ടിക്ക് എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചാൽ പിന്നെ ട്രെയിനിനെ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും കോടതി ചോദിച്ചു.
അതേസമയം ഇന്നലെ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് വന്ദേഭാരത് ട്രെയിനിന് കല്ലേറുണ്ടായത്. കല്ലേറിൽ വന്ദേഭാരതിൻ്റെ ചില്ലിന് പൊട്ടലുണ്ടായി. ഷൊർണ്ണൂരിൽ വച്ച് നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
വന്ദേഭാരത് എക്സപ്രസ്സിന് നേരെ തിരുനാവായയിൽ വച്ച് കല്ലേറ്, ട്രെയിനിൻ്റെ വിൻഡോ ഗ്ലാസ്സിൽ പൊട്ടൽ