കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കയോയുടെ വീട്ടിൽ പ്രമുഖ വ്യക്തികളുടെ സന്ദർശനം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാമുക്കോയയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വനംമന്ത്രി എ.കെ ശശീന്ദ്രനും മുഖ്യമന്ത്രിക്കൊപ്പം മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് പിന്നാലെ നടൻ സുരേഷ് ഗോപിയും മാമുക്കോയയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വാസിപ്പിച്ചു. മലയാള സിനിമയ്ക്ക് കിട്ടിയ വരദാനമായിരുന്നു മാമുക്കോയ. ഒരു സഹപ്രവർത്തകൻ എന്നതിലുപരി പ്രായവ്യത്യാസം നോക്കാതെ ഞാനുമായി വളരെ നല്ല സൌഹൃദം സൂക്ഷിച്ച വ്യക്തിയാണ് മാമുക്കോയ. കലാകാരൻ എന്ന നിലയ്ക്ക് എല്ലാവർക്കും സ്വന്തം വ്യക്തിതത്വമുണ്ട്. എന്നാൽ മാമുക്കോയ ഒരു കാലത്ത് സത്യേട്ടൻ (സത്യൻ അന്തിക്കാട്) തന്ന വരദാനം പോലെ മലയാള സിനിമയിലേക്ക് വന്നയാളാണ്. വളരെ വ്യത്യസ്തമായ രൂപവും ഭാവവും ചലനങ്ങളും വർത്താനവും ആയിരുന്നു മാമുക്കോയയുടേത്. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന് മുൻപോ ശേഷമോ ആരുമില്ല. അദ്ദേഹത്തിൻ്റ വിയോഗം വല്ലാത്ത നഷ്ടമാണ് – സുരേഷ് ഗോപി പറഞ്ഞു