രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മോദി എത്തിയത്.മധ്യപ്രദേശിൽ നിന്നും പുറപ്പെട്ട് കൊച്ചി വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു വിമാനമിറങ്ങിയ അദ്ദേഹം ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ പങ്കെടുക്കുകയും കേന്ദ്രം കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രി ഇന്ന്…
*വൈകിട്ട് 5 .30 ന്. തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനം വരെ 1.8 കിലോമീറ്റർ മെഗാ റോഡ് ഷോ നടത്തും.
*വൈകിട്ട് 6 മണിയോടെ ‘യുവം 2023 ‘ പരിപാടിയിൽ പങ്കെടുക്കും. മുൻ മന്ത്രി എ കെ ആന്റണിയുടെ മകനും അടുത്തിടെ ബിജെപി യിൽ ചേർന്ന അനിൽ ആന്റണി, നടി അപർണ ബാലമുരളി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. നടി നവ്യ നായർ നൃത്തം അവതരിപ്പിക്കും.
*വൈകിട്ട് 7 .45 ന് ക്രൈസ്തവ സഭ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നാളെ….
*രാവിലെ 9 .25 ന് പുറപ്പെട്ട് 10.15 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
*10 .30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ട്രെയിനിൽ യാത്ര
ചെയ്യില്ലെങ്കിലും 10 .50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും.
*11 .00 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രം കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോയുടെ സമർപ്പണവും , ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.
* സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ ഗുജറാത്തിലെ സൂററ്റിലേക്ക് യാത്ര തിരിക്കും.