ദുബായിലെ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര് മരിച്ചു. അല്‍ റാസ് മേഖലയിലെ ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്.
മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നവരാണ് തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍. ദേരയിലെ ട്രാവല്‍സ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജിഷി ഖിസൈസ് ക്രസന്റ് സ്കൂള്‍ അധ്യാപികയാണ്.
ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി ദുബായ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരാണ് മരിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. രണ്ട് പേര് തമിഴ്നാട് സ്വദേശികളാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.35നാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അടുത്തമുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ് റിജേഷും ഭാര്യയും മരിച്ചതെന്നാണ് വിവരം.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ നടത്തിയിരുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.