അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി’ പരാമര്‍ശത്തിലെ മാനനഷ്ടക്കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഈ വിഷയത്തിൽ രാജ്യത്ത് വന്‍പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും ചോദ്യങ്ങളുമായി രാഹുലിൻ്റെ ട്വീറ്റ്.
‘‘എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒ മൂലധനവും അദാനിക്ക്. ‘മൊദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെൻ്റ് പണം എന്തുകൊണ്ടാണ് അദാനിയുടെ കമ്പനികളില്‍തന്നെ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി’’- രാഹുല്‍ ട്വീറ്റിൽ ചോദിക്കുന്നു.
LIC की पूंजी, अडानी को!
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!
‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?
— Rahul Gandhi (@RahulGandhi) March 27, 2023
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെൻ്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞാണ് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചു വരാൻ പാർട്ടി എംപിമാർക്കു കോൺഗ്രസ് നേതൃത്വം നിർദേശം നൽകുകയായിരുന്നു. പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ 17 പാർട്ടികൾ പങ്കെടുത്തിരുന്നു.