ബഹിരാകാശത്ത് നിന്ന് ഹൈക്കു കവിത ചൊല്ലി വിസ്മയിപ്പിച്ച് എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കിടുക എന്നതിനപ്പുറം കവിതയിലൂടെ ലോകത്തെ മാറ്റാൻ പ്രചോദനമായി തൻ്റെ ശബ്ദം സമ്മാനിക്കുക കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ലോക കവിതാ ദിനാചരണത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ഹൈക്കുവായി (കുഞ്ഞുകവിതകളുടെ ജാപ്പനീസ് രൂപം) ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു കവിത അൽ നെയാദി അവതരിപ്പിച്ചത്.
എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ (ഇഎൽഎഫ്) മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്ററുമായി സഹകരിച്ച് നടത്തിയ ഇഎൽഎഫ് ഇൻ സ്പേസ് എന്ന പരിപാടിയുടെ ഭാഗമായിരുന്നു കവിതാ പാരായണം. ‘ ഇഎൽഎഫ് ഇൻ സ്പേസ് എപ്പിസോഡ് 3: പോയട്രി ഇൻ സ്പേസ്’ എന്ന ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, എമിറാത്തി കവി ഡോ. അഫ്ര അതിഖ്, സ്ലാം കവിതാ ചാംപ്യൻ ഹാരി ബേക്കർ, വോയ്സ് ഓഫ് ഫ്യൂച്ചർ ജനറേഷൻസ് മത്സരത്തിലെ വിജയികളായ ഹസ്സ അലി, സാലെം മുഹമ്മദ് അൽ യിലേലി എന്നിവർക്കൊപ്പം അൽനെയാദിയും കവിത അവതരിപ്പിച്ചു.
അൽ നെയാദി ചൊല്ലിയ കവിത:
”എൻ്റെ കൺമുന്നിലാകെ ഇരുട്ടുയരുന്നു,
ജലഗ്രഹം നീലനിറമായി തിളങ്ങുന്നു
നമ്മുടെ ആ പുരാതന ഭവനത്തോട് എനിക്കുള്ള സ്നേഹം എത്രയോ ശക്തം,
ജീവിതമാകും ഉപഹാരത്തോട് എനിക്കുള്ള നന്ദി എത്രയോ ആഴമേറിയത്…
നാളെ, നീലാകാശത്ത് ഞാൻ ധീരനാകും, അജ്ഞാതമായ ലോകങ്ങൾ തുറക്കും; അവിടെയാണ് നമ്മുടെ സ്വപ്നങ്ങൾ”
അതേസമയം അൽ നെയാദി ബഹിരാകാശത്ത് കഴിഞ്ഞ ആഴ്ച ഇൻ്റർനാഷനൽ സ്പേസ് സ്റ്റേഷനിലെ ശുചിമുറിയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ഹൃദയാരോഗ്യ പഠനത്തിനുള്ള ഒരു പരീക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നതായും വെളിപ്പെടുത്തി.