യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴപെയ്തു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെല്ലാം ഇടിയോടുകൂടിയ മഴ പെയ്തു. ചെറിയ മഴയൊടോപ്പം ആലിപ്പഴവും പെയ്തിറങ്ങി.
റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരവും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില 12 ° C മുതൽ 17 ° C വരെ കുറയുമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പറയുന്നു. താപനിലയിലെ വ്യതിയാനവും മേഘാവൃതമായ കാലാവസ്ഥയും കാറ്റിന്റെ ഗതിയെ സ്വാധീനിക്കും. തുടർന്ന് അറേബ്യൻ ഗൾഫും ഒമാൻ കടലും പ്രക്ഷുബ്ദമായേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാഹനയാത്രികർ ജാഗ്രതപാലിക്കണമെന്നും നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അബുദബി പൊലീസ് മുന്നറിയിപ്പ് നൽകി.