ഇന്ത്യയിലെ ആദ്യത്തെ ഓഡിയോ ചലച്ചിത്രം മലയാളത്തിൽ ഒരുങ്ങുന്നു. ‘ബ്ലൈൻഡ് ഫോൾഡ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്റലക്ച്വൽ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരൽ ബ്രാൻഡായ ക്ലുമും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഓഡിക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
അതേസമയം പരമ്പരാഗത ചലച്ചിത്ര നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി നൂതനമായ ശബ്ദ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്പനക്കാരൻ രാജനാണ് കേന്ദ്രകഥാപാത്രം. അദ്ദേഹം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും തുടർന്നുണ്ടാവുന്ന ഉദ്യോഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ പൂർണ്ണമായും ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
സിനിമയെന്നാൽ ദൃശ്യമാധ്യമമാണ്. പക്ഷെ, ‘ബ്ലൈൻഡ് ഫോൾഡിൽ’ ദൃശ്യങ്ങൾ അല്ല ഉള്ളത്. എങ്കിലും ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നത് പോലെ ഈ ചിത്രവും തിയറ്ററിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. കഴിഞ്ഞ 11 വർഷമായി നടത്തിവരുന്ന ഗവേഷണവും ചിന്തകളും ചിത്രത്തിന്റെ പിന്നിലുണ്ട്. വെളിച്ചത്താൽ അന്ധമായ ഒരു ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയെ മികച്ച അനുഭവമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് “ബ്ലൈൻഡ്ഫോൾഡ്”. ഈ പരീക്ഷണാത്മക ചലച്ചിത്രം മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനകരമാണെന്നും സംവിധായകൻ പറഞ്ഞു. അജിൽ കുര്യൻ കൃഷ്ണൻ ഉണ്ണി എന്നിവർ ചേർന്നാണ് സിനിമയുടെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിനും, തിരക്കഥ രചിച്ചിരിക്കുന്നത് സൂര്യ ഗായത്രിയുമാണ്.