ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു. ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ യാണ് ടെൻഡർ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതക്ക് അപേക്ഷ ക്ഷണിച്ചു. 3 ബില്യൺ ഡോളറിന്റെ മെഗാ റെയിൽ പദ്ധതിയാണ്.
യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു. ടെൻഡർ പട്ടികയിൽനിന്ന് യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക. ഒമാനിലോ യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ മുമ്പ് ഇത്തരം നിർമ്മാണങ്ങൾ ചെയ്ത് അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.