ഒമാന്റെ ചരിത്രം പറയുന്ന ദാഖിലിയ ഗവർണറേറ്റിന്റെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉദ്ഘാടനം ചെയ്തു. മനാ വിലായത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാന്റെ ചരിത്രവും സാംസ്കാരികവും ഭൂമിശാസ്ത്ര പരമായ വൈവിധ്യവും ഉൾക്കൊള്ളുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. കൂടാതെ ഗാലറികൾ, കഫേകൾ, ലൈബ്രറി, ഓഡിറ്റോറിയം, സാമൂഹിക-ഗവേഷണ ഇടങ്ങൾ എന്നിവയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് സ്ഥിരമായി പ്രദർശനം നടത്തുന്നതിന് 9,000 ചതുരശ്ര മീറ്റർ സ്ഥലവും മ്യൂസിയത്തിൽ നീക്കിവെച്ചിട്ടുള്ളത്.
ഒമാനിലെ വിവിധ കാലഘട്ടങ്ങളിലുണ്ടായിരുന്ന രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ സന്ദർശകർക്ക് മികച്ച അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഓഡിയോ-വിഷ്വൽ വിവരണവും മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്
അതേസമയം ‘നവോത്ഥാന ഗാലറി’യിൽ അന്തരിച്ച മുൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദിന്റെ കീഴിലുണ്ടായിരുന്ന രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉത്തരവിനെ തുടർന്നാണ് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കഴിഞ്ഞ വർഷം മ്യൂസിയത്തിനായി റോയൽ കോർട്ട് അഫയേഴ്സ് (ആർ.സി.എ) ലോഗോ രൂപകൽപന മത്സരവും സംഘടിപ്പിച്ചിരുന്നു.