തിരുവനന്തപുരം: മലയാള സിനിമയുടെ വികൃതമായ മുഖം അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നെങ്കിലും ഭാവി നടപടികൾ എന്തായിരിക്കും എന്നതിൽ ആകാംക്ഷ തുടരുകയാണ്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചെങ്കിലും ഇതൊന്നും പരസ്യമായ കാര്യമായിരുന്നില്ല എന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു.
അതിക്രമം കാണിച്ചവരെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാത്ത റിപ്പോർട്ട് പുറത്തു വിട്ടതിനെയും പലരും വിമർശിക്കുന്നുണ്ട്. 2019-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് 2024 വരെ പുറത്തു വിടാതിരുന്ന സർക്കാർ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ ചോദ്യം ചെയ്യുന്നു. അതേസമയം വർഷങ്ങൾക്ക് മുൻപ് നടന്ന പല സംഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നും സമകാലിക മലയാള സിനിമയെ മാത്രമല്ല റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും നടനെ വിലക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടി പലരും പറയുന്നു.
2017-ൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈയിൽ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിക്കുന്നത്. ആ വർഷം നവംബറിൽ കമ്മിറ്റി സിനിമാ പ്രവർത്തകരുടെ മൊഴിയെടുത്തു. മലയാള സിനിമയിൽ പുതുതലമുറയിലേയും പഴയ തലമുറയിലേയും നടീനടൻമാരും മറ്റു സാങ്കേതിക പ്രവർത്തകരും കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ട്. ലൂസിഫർ (2019) സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി നടൻ പൃഥ്വിരാജ് അടക്കമുള്ളവരുടെ മൊഴി സമിതി അന്ന് രേഖപ്പെടുത്തിയിരുന്നു.
മുതിർന്ന നടി ശാരദയടക്കമുള്ളവരുടെ മൊഴിയും കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ തന്നെ മലയാള സിനിമയിൽ സ്ത്രീവിരുദ്ധമായ അന്തരീക്ഷം രൂപപ്പെട്ടിരുന്നു എന്ന റിപ്പോർട്ടിലെ പരാമർശം പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തുടരുന്ന സംഭവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. റിപ്പോർട്ടിൽ പരാമർശിച്ച പല സംഭവങ്ങളിലും അതിനാൽ തന്നെ നിയമപരമായി ഒരു അന്വേഷണത്തിനുള്ള സാധ്യത വിരളമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെ വരെ ലൈംഗീക അതിക്രമത്തിന് ശ്രമമുണ്ടായി എന്ന പരാമർശം ഗുരുതരമാണ്. പോക്സോ നിയമപ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാൽ അത്തരം സംഭവങ്ങളിൽ അന്വേഷത്തിന് നിയമസാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവക്കേണ്ടതില്ലെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറയുന്നത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുമെന്നും റിപ്പോർട്ടിൻമേൽ വിശദമായ ചർച്ച വേണമെന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. താൻ മന്ത്രിയായി പ്രവർത്തിച്ച മൂന്നരവർഷത്തിൽ ഒരു നടിയുടേയും പരാതി ലഭിച്ചിട്ടില്ലെന്നും സജി ചെറിയാൻ വിമൻ ഇൻ സിനിമ കളക്ടീവിൻ്റെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് മാസത്തിനകം സിനിമ- സീരിയൽ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ഒരു കോൺക്ലേവ് സംഘടിപ്പിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നാണ് മന്ത്രി പറയുന്നത്. സിനിമ-സീരിയൽ രംഗത്തെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും കോൺക്ലേവിൽ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.