ഓസ്കറിൽ ചരിത്രം കുറിച്ച് ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു പുരസ്കാരം സ്വന്തമാക്കിയത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്നാണ് പാടിയത്. എ ആർ റഹ്മാന് ശേഷം ഓസ്കര് വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുകയാണ്.
ഗോൾഡൻഗ്ലോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാര നേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്കാരപ്പെരുമകളിലും നാട്ടു നാട്ടു മുഴങ്ങി കേട്ടു. ഗോൾഡൻ ഗ്ലോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു.
ഇരുപത് ട്യൂണുകളിൽ നിന്നാണ് ‘ആർആർആർ’ അണിയറ സംഘം ‘നാട്ടുവി’ലേക്ക് എത്തിയത്. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർക്കുകയായിരുന്നു. ‘ക്രിമിനൽ’, ‘ജിസം’, ‘സായ’, ‘സുർ’, ‘മഗധീര’, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങളും കീരവാണിയുടേതാണ്. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുകയാണ് കീരവാണി.