തിരുവനന്തപുരം: താൻ അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഒരു നടി നൽകിയ മൊഴി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. നടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ വളരെ ഇൻ്റിമേറ്റായ രംഗങ്ങളുണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതായി നടി പറയുന്നു. എന്നാൽ എത്ര നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ വിശദാംശങ്ങൾ സംവിധായകൻ വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാൽ നടിയുടെ സമ്മതപ്രകാരം മാത്രമേ രംഗങ്ങൾ ഷൂട്ട് ചെയ്യൂ എന്നും സംവിധായകൻ ഉറപ്പു നൽകി.
തുടർന്ന് മൂന്ന് മാസത്തോളം മറ്റൊരു സിനിമയും കമ്മിറ്റി ചെയ്യാതെ ഈ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു നടി. പിന്നീട് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനായപ്പോൾ ചിത്രത്തിൽ നഗ്നതയും ലിപ് ലോക്ക് രംഗങ്ങളും ഉണ്ടാകുമെന്നും ശരീരഭാഗങ്ങൾ വെളിപ്പെടുത്തി അഭിനയിക്കേണ്ടി വരുമെന്നും സംവിധായകൻ അറിയിച്ചു. ഒടുവിൽ ഒരു ചുംബനരംഗം ചിത്രീകരിക്കുകയും പിൻഭാഗം കാണിച്ച് അഭിനയിക്കുകയും വേണ്ടി വന്നു. എന്നാൽ ഇതിനു ശേഷം ഒരു ബാത്ത് ടബ്ബ് സീനും നഗ്നദൃശ്യങ്ങളും ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് സംവിധായകൻ അറിയിച്ചതോടെ മൂന്ന് മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ തന്നെ നടി ഉപേക്ഷിച്ചു,
സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സിനിമയുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് നടി ഇയാൾക്ക് ഫോണിൽ സന്ദേശമയച്ചു. എന്നാൽ കൊച്ചിയിൽ നേരിട്ട് വരാതെ സിനിമയ്ക്കായി അതിനോടകം ചിത്രീകരിച്ച ഇൻ്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യാൻ പറ്റില്ലെന്ന് സംവിധയാകൻ നിലപാട് എടുത്തു. സംവിധായകൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് വ്യക്തമായതോടെ നടി പരാതിയുമായി നിർമ്മാതാവിനെ സമീപിച്ചു. താൻ സംവിധായകനെ ഡീൽ ചെയ്തോളാമെന്ന് പറഞ്ഞ് നിർമ്മാതാവ് തന്നെ ആ വിഷയം അവസാനിപ്പിച്ചു.
ഗുരുതര വെളിപ്പെടുത്തലുകളുമായി ഹേമ കമ്മീഷൻ റിപ്പോർട്ട്
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ മലയാള സിനിമയിൽ നിഷേധിക്കുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കുന്ന നിലയാണ്. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചെന്നും മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്ഫെക്ഷന് ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം വേണം. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്.
ജൂനിയർ ആർട്ടിസ്റ്റിൻ്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലർച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ തുകയും പ്രതിഫലമായി നൽകില്ല. അഭിനയിക്കാനെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ തികഞ്ഞ അവഗണനയാണ് നേരിടുന്നത്. രാത്രി വൈകി ഷൂട്ടിംഗ് തീർന്നാൽ പിന്നെ തിരിച്ചു വീട്ടിൽ പോകാൻ വഴിയില്ല. കിടന്നുറങ്ങാൻ പോലും സ്ഥലം നൽകാറില്ല. മിക്ക സെറ്റുകളിലും ജൂനിയർ ടോയ്ലറ്റ് സൗകര്യം പോലും ഉണ്ടായിരിക്കില്ല. ടോയ്ലറ്റുണ്ടെങ്കിലും സ്ത്രീകളെ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോർട്ടിലുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. 2017 ജൂലൈയിൽ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 2019 ഡിസംബർ 31 നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയത്