ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് തെലുഗു സൂപ്പർ താരം പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്. ഇത് മൂലം പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്കാലികമായി നിര്‍ത്തിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത പനി അനുഭവപ്പെട്ട പ്രഭാസിനെ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇടവേളയില്ലാതെ സിനിമാ ചിത്രീകരണത്തിൽ ഏർപ്പെട്ടതാണ് നടന്റെ ആരോഗ്യത്തെ ബാധിച്ചത്. അതേസമയം പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സലാര്‍, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെയുള്ള വലിയ പ്രോജക്ടുകളാണ് തെലുഗു നടന് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ‘പ്രൊജക്ട് കെ’ യില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍, ദിഷ പതാനി എന്നീ വലിയ താരനിരയും അഭിനയിക്കുന്നുണ്ട്.
പ്രശാന്ത് നീലാണ് സലാറിന്റെ സംവിധായകൻ. മലയാളത്തിൽ നിന്ന് പൃഥ്വിരാജും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂണ്‍ 16-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.