മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. അനിൽ അറോറ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുറച്ചു കാലമായി അനിൽ അറോറ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ചില മുംബൈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബി സ്വദേശിയായ അനിൽ അറോറ നേരത്തെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മലയാളിയായ ജോയ്സ് പോളികാർപ്പാണ് ഭാര്യ. നടിമാരായ മലൈക അറോറയും അമൃത അറോറയും ഇവരുടെ മക്കളാണ്. മലൈകയ്ക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ അനിൽ അറോറയും ജോയ്സും വേർപിരിഞ്ഞു താമസം തുടങ്ങി. തുടർന്ന് ജോയ്സിൻ്റെ സംരക്ഷണയിലാണ് മലൈകയും അമൃതയും വളർന്നത്. തൻ്റെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്ന് മലൈക ഈയിടെ വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കെട്ടിടത്തിൽ നിന്നും വീണുമരിച്ച നിലയിൽ അനിൽ അറോറയെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.