യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ അൽ ഷിന്ദഗ ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മ്യൂസിയം ഉദ്ഘാടനം ചെയ്തു. 80 ചരിത്ര പ്രസിദ്ധമായ വീടുകൾ നിലകൊള്ളുന്ന 22 പവലിയനുകളുൾപ്പെടുന്നതാണ് മ്യൂസിയം. 310,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് മ്യൂസിയത്തിനുള്ളത്. യുഎഇയുടെയും ദുബായിയുടെയും വികസന പാത പ്രദർശിപ്പിച്ചുകൊണ്ടാണ് അൽ ഷിന്ദഗ മ്യൂസിയം നവീകരിച്ചിരിക്കുന്നത്.
1800-കളിലെ പരമ്പരാഗത എമിറാത്തി ജീവിതശൈലിയും പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നതാണ് മ്യൂസിയത്തിലെ പ്രദർശനങ്ങൾ. ദുബായിയുടെ കഥയും ചരിത്രവും ഇതിലൂടെ ലോകം അറിയണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. സാംസ്കാരികവും മാനുഷികവുമായ രംഗങ്ങളിൽ ആഗോള നാഗരികതകളുടെ കേന്ദ്രമായി ദുബായ് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പൺ എയർ മ്യൂസിയം
ദുബായുടെ പ്രചോദനാത്മകമായ കഥ വിവരിക്കുന്ന ഒരു ഓപ്പൺ എയർ മ്യൂസിയമാക്കി അൽ ഷിന്ദഗയെ മാറ്റാനും ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിന്റെ അസാധാരണമായ നേട്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അതേസമയം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ അൽ ഷിന്ദഗ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എമിറേറ്റിന്റെ ഭാവിയിലേക്കുള്ള യാത്രയുടെ തെളിവായി ഇത് നിലകൊള്ളുമെന്നും ഷെയ്ഖ കൂട്ടിച്ചേർത്തു.