ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കൻ ഒരുങ്ങി ആർ എസ് എസ്. ഇതിനായി പുതിയ ക്യാമ്പയിന് രൂപം നൽകിയെന്ന് ആർ എസ് എസിൻ്റെ പോഷക സംഘടനയായ സംവർധിനീ ന്യാസ് അറിയിച്ചു. ‘ഗർഭ സൻസ്കാർ’ എന്ന പേരിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളും എയിംസിൽ നിന്നുള്ള ഡോക്ടർമാരും എത്തിയിരുന്നു.
രാമായണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്നതാണ് പദ്ധതി. ഇതിൽ ഗർഭിണികളാണ് ആദ്യ ഘട്ടത്തിലെ ശ്രോതാക്കളാവേണ്ടത്. കുട്ടിയ്ക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകൾ തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ ലിംഗത്തെപ്പറ്റി മാതാപിതാക്കൾ അമിത പ്രതീക്ഷ വയ്ക്കുന്നത് കാരണമാണ് ചില കുട്ടികൾ ട്രാൻസ്ജെൻഡറുകളായി മാറുന്നതെന്നും ക്യാമ്പയിനിൽ സംസാരിച്ച ശ്വേത ഡാംഗ്രെ അവകാശപ്പെട്ടു. ക്യാമ്പയിൻ വഴി ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ വരെ മാറ്റാനാകുമെന്ന് മറ്റു ചിലരും പറഞ്ഞു.
അതേസമയം ഓരോ വർഷവും 1000 സ്ത്രീകളെ ഗർഭ സൻസ്കാർ ക്യാമ്പയിനിൽ പങ്കെടുപ്പിക്കുമെന്നാണ് ഇവരുടെ പ്രതിജ്ഞ. കൂടാതെ ശിവജിയുടെ മാതാവായ ജീജാബായിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് സംവർധിനീ ന്യാസ് നാഷണൽ ഓർഗനൈസിങ്ങ് സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ഇത്തരത്തിലുള്ള ക്ലാസുകൾ കുട്ടികളെ ദേശഭക്തിയുള്ളവരും സ്ത്രീകളോട് ബഹുമാനമുള്ളവരുമായി വളർത്തുമെന്നാണ് ഇവരുടെ വാദം.