കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 296 ആയി. രക്ഷാപ്രവർത്തനത്തിൻ്റെ മൂന്നാം ദിനമായ ഇന്നും നിരവധി മൃതദേഹങ്ങൾ ദുരന്തഭൂമിയിലും പോത്തുകല്ലിലെ ചാലിയാറിലും കണ്ടെത്തി. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ല, വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്.
അതേസമയം സൈന്യത്തിൻ്റെ ബെയ്ലി പാലം തയ്യാറായതോടെ വ്യാപകമായ തെരച്ചിൽ നാളെ തുടങ്ങും എന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. മുണ്ടൻക്കൈ മലയിൽ ജീവനോടെ ആരേയും രക്ഷിക്കാൻ ബാക്കിയില്ലെന്ന് സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിൽ അവശേഷിച്ച മൃതദേഹങ്ങൾ വീണ്ടെടുക്കുക എന്നതിലാണ് ഇനി രക്ഷാ പ്രവർത്തനം ശ്രദ്ധകേന്ദ്രീകരിക്കുക. മുണ്ടൻക്കൈ, അട്ടമല, പുഞ്ചിരിമട്ടം, തോണിമല നിവാസികളുടെ പുനരധിവാസത്തിനായുള്ള നടപടികളും സമാന്തരമായി തുടങ്ങും. നിലവിലെ അവസ്ഥയിൽ ക്യാംപിലുള്ളവർക്ക് ദീർഘകാലം അങ്ങനെ തുടരേണ്ടി വന്നേക്കാം ഇവരുടെ കാര്യത്തിൽ സർക്കാർ വൈകാതെ തീരുമാനമെടുക്കും.
നിലവിൽ 12 മന്ത്രിമാരാണ് വയനാട്ടിലുള്ളത്. ഇവരെല്ലാം ഇവിടെ തുടരുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ, വനം, ടൂറിസം, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിമാരുടെ സംഘം അവിടെ തുടർന്നും ക്യാംപ് ചെയ്യാനാണ് സാധ്യത. സാംബശിവറാവു ഐഎഎസ് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനായും വയനാട്ടിലുണ്ടാവും.
ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. കൂടാതെ ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാംപുകളടക്കമാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷൻമാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗർഭിണികളുമാണ് വിവിധ ക്യാംപുകളിലുള്ളത്.
മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂൾ, കോട്ടനാട് ഗവ സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂൾ, നെല്ലിമുണ്ട അമ്ബലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് ഗോൾസ് ഹൈസ്കൂൾ, തൃക്കൈപ്പറ്റ ഗവ ഹൈസ്കൂൾ, മേപ്പാടി ജി.എൽ.പി സ്കൂളുകളിലാണ് ക്യാമ്ബുകൾ പ്രവർത്തിക്കുന്നത്. 859 പുരുഷൻമാരും 903 സ്ത്രീകളും 564 കുട്ടികളും 2 ഗർഭിണികളുമാണ് ക്യാമ്ബുകളിൽ കഴിയുന്നത്.
ദുരന്ത ഭൂമിയിൽ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
കേരള പൊലീസിന്റെ 1000 പേർ തെരച്ചിൽ സ്ഥലത്തും 1000 പൊലീസുകാർ മലപ്പുറത്തും പ്രവർത്തന രംഗത്ത് ഉണ്ട്. അഞ്ഞൂറോളം ഇന്ത്യൻ ആർമിക്കാരും സ്ഥലത്തുണ്ട്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്കാരവുമാണ് പ്രധാന പ്രശ്നമായി ഇനി മുൻപിലുള്ളത്. മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നത്തെ യോഗത്തിൽ അറിയിച്ചത്. ദുരന്തം നേരിൽ കണ്ട ക്യാംപിലെ മനുഷ്യർക്ക് കടുത്ത മാനസികാഘാതമാണ് ഉണ്ടായത്. ഇവർക്ക് കൗൺസിലിംഗ് നൽകി വരികയാണെന്നാണും ആരോഗ്യമന്ത്രി പറഞ്ഞു.