കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കാറിനു തീപിടിച്ചു പൂർണ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ കാറിനകത്തു പെട്രോളിൻ്റെ അംശം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ട് പുറത്ത്. കത്തിയ കാറിൻ്റെ ഭാഗങ്ങളിൽ നിന്നു ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളിൻ്റെ അംശമുണ്ടെന്ന് തളിപ്പറമ്പ് ആർഡിഒ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശി താമരവളപ്പിൽ പ്രജിത്തും ഭാര്യ റീഷയും ഫെബ്രുവരി 2നു വെന്തുമരിച്ചത്.
കാറിൻ്റെ ഡാഷ് ബോർഡിലെ വയറുകളിലുണ്ടായ ഷോർട് സർക്യൂട്ടാണു തീപിടിത്തം ഉണ്ടാക്കിയതെന്ന് മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കാറിന് പിറകിൽ ക്യാമറ ഘടിപ്പിക്കാൻ വയറിങ്ങിൽ മാറ്റം വരുത്തിയിരിക്കാമെന്നും ഇത് ഷോർട് സർക്യൂട്ടിലേക്കു നയിച്ചിരിക്കാമെന്നുമാണു മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയത്. മുൻവശത്തെ ഡോർ തുറക്കാനോ സീറ്റ് ബെൽറ്റ് നീക്കാനോ കഴിയാതെ വന്നതോടെ പ്രജിത്തും റീഷയും കാറിൽ കുടുങ്ങുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാറിൻ്റെ മുൻഭാഗം മുഴുവൻ തീപിടിച്ചതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഫൊറൻസിക് റിപ്പോർട്ട്.
ഫൊറൻസിക് വിഭാഗമെത്തി കാറിൻ്റെ തീപിടിച്ച ഭാഗത്തു നിന്നും 2 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു. എന്നാൽ കാറിനകത്തു പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുണ്ടായിരുന്നുവെന്ന വിവരം റീഷയുടെ പിതാവ് വിശ്വനാഥൻ നിഷേധിച്ചിരുന്നു. കാറിൽ പെട്രോൾ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും നിറയെ ഇന്ധനമുണ്ടായിരുന്നതായും വിശ്വനാഥൻ പറഞ്ഞിരുന്നു.