സ്കിൻ കാൻസർ ബാധിച്ച അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ കേടുപാടുകൾ വന്ന ചർമ്മം പൂർണമായും നീക്കം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. എല്ലാ മാസവും നടത്താറുള്ള ആരോഗ്യ പരിശോധനയ്ക്കിടെയാണ് ത്വക്കിലെ പ്രശ്നങ്ങൾ കണ്ടെത്തിയത്. അർബുദം ബാധിച്ച കോശങ്ങളടക്കം മുഴുവനും നീക്കിയെന്നും ഇനി ചികിത്സയുടെ ആവശ്യമില്ലെന്നും ബൈഡൻ്റെ ഡോക്ടർ പറഞ്ഞു. ത്വക്കിലുണ്ടായ മുറിവ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെന്നും ബൈഡൻ്റെ ഫിസിഷ്യൻ കെവിൻ ഒ കോണർ പറഞ്ഞതായും വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യപരിപാലനത്തിൻ്റെ ഭാഗമായി ബൈഡൻ തുടർന്നും ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും. ജോ ബൈഡനെ ബാധിച്ചത് ചര്‍മ്മത്തിന് മുകളിലുണ്ടാകുന്ന നോണ്‍-മെലനോമ സ്കിന്‍ ക്യാന്‍സര്‍ ആണ്. ഇത് മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളെ അപേക്ഷിച്ച് നിരുപദ്രവകാരിയാണെന്ന് ഡോക്ടർ പറഞ്ഞു.
ഫെബ്രുവരി 16 ന് ആയിരുന്നു ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അതേദിവസം തന്നെ ത്വക്കിൽ നിന്ന് മുറിവും കോശങ്ങളും നീക്കം ചെയ്തു. കൃത്യനിർവഹണം തുടരുന്നതിൽ തടസമില്ലെന്നും ഡോക്ടർ ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
We are happy to hear that Joe Biden successfully had basal cell carcinoma removed. When caught early, skin cancer is highly treatable. Remember to see a board-certified dermatologist if you notice any spots that are new, changing, itching, or bleeding. https://t.co/GX4yHdYxzy
— AAD (@AADskin) March 3, 2023
പ്രസിഡൻ്റ് ആകുന്നതിന് മുൻപ് തനിക്ക് ക്യാൻസർ ബാധിച്ചിരുന്നതായി ഒരു പൊതുപരിപാടിക്കിടെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ചർമ്മത്തെ ബാധിക്കുന്ന അര്‍ബുദത്തിന് ചികിത്സയിൽ കഴിഞ്ഞതായി ബൈഡന് പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം പ്രഥമ വനിത ജിൽ ബൈഡനും ഇതേ രോഗം സംബന്ധിച്ച് ചികിത്സ തേടിയിരുന്നു. 2024ൽ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ജോ ബൈഡൻ.