ദുബായ് എക്സ്പോ സിറ്റിയിൽ ‘ഹായ് റമദാന്’ തുടക്കമായി. ഇന്നുമുതൽ ഏപ്രിൽ 25 വരെയാണ് ‘ഹായ് റമദാൻ’ പരിപാടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒത്തുചേരലുകൾക്ക് അവസരമൊരുക്കിയാണ് ഹായ് റമദാൻ സംഘടിപ്പിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുൻപ് വൈകിട്ട് 4 മുതൽ രാത്രി 10 വരെയും റമദാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെയുമാണ് പരിപാടികൾ.
സന്ദർശകർക്ക് നേരിട്ട് ആഘോഷത്തിൽ പങ്കെടുക്കാം. വിശ്വാസികൾക്ക് ഇശാ നമസ്കാരവും പിന്നീടുള്ള തറാവീഹ്, തഹജ്ജുദ് ഉൾപ്പെടെ എല്ലാ പ്രാർഥനകൾ നിർവഹിക്കാനും സൗകര്യം ഉണ്ട്. സന്ദർശകർക്കായി ഇഫ്താർ, സുഹൂർ എന്നിവയുണ്ടാകും. പരമ്പരാഗത – പൈതൃക പരിപാടികളും വിനോദപരിപാടികളും ‘ഹായ് റമദാന്‘ മാറ്റ് കൂട്ടുന്നു. റംസാൻ ഷോപ്പിങ് നടത്തുന്നതിനുള്ള നൈറ്റ് മാർക്കറ്റും എക്സ്പോ സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. ചില ശിൽപശാലകൾക്കും ഗെയിമുകൾക്കും പ്രത്യേക നിരക്ക് ഏർപ്പടുത്തിയിട്ടുണ്ട്.
എക്സ്പോ ഫാൾസ്, മൊബിലിറ്റി മേഖല തുടങ്ങിയ ഇടങ്ങളിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന ഇഫ്താർ പരിപാടികളുണ്ട്. റംസാദിൽ എക്സ്പോ സിറ്റിയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെ അൽ തുരായ പാർക്കിലെ പവിലിയനുകളിലേക്ക് പ്രവേശനം അനുവദിക്കും. കുട്ടികളുടെ കളിസ്ഥലങ്ങളിലേക്ക് വൈകിട്ട് 5 മുതൽ രാത്രി 11 വരെ പ്രവേശനം അനുവദിക്കും.