അർജന്റീന ഫുട്ബോൾ താരം മെസ്സിയ്ക്ക് അജ്ഞാതരുടെ ഭീക്ഷണി. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്പുമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർത്തുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും സ്ഥലത്ത് ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.
മെസ്സീ, നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അയാൾ നിങ്ങളെ ഒരിക്കലും പരിപാലിക്കില്ല എന്നാണ് കുറിപ്പിൽ പറയുന്നത്. മെസ്സിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്നും 14 ബുള്ളറ്റുകളും കണ്ടെത്തിയിട്ടുണ്ട്. . മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു.
അതേസമയം നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് ജാവ്കിൻ പറഞ്ഞു. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് ഇത്തരത്തിലുള്ള അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.