പെഗാസെസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൻറേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് കേന്ദ്രം ചോർത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇന്ത്യയിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ ഫോണിൽ പെഗാസസ് ഉണ്ട്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നെ വിളിച്ചിരുന്നു. നിങ്ങളുടെ ഫോൺ നിരീക്ഷണത്തിലാണെന്നും ഫോണിൽ സംസാരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് തന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാവും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മുൻ ഉപദേഷ്ടാവുമായ സാം പിത്രോഡയാണ് രാഹുൻ ഗാന്ധിയുടെ പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചത്.
മാധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുക, നിയന്ത്രിക്കുക, നിരീക്ഷണം ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവർക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പ്രഭാഷണത്തിൽ ആരോപിച്ചു. അതേസമയം രാഹുൽഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. ആരോപണം ഉന്നയിക്കുന്ന രാഹുൽ എന്തുകൊണ്ട് ഫോൺ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് അദ്ദേഹം ചോദിച്ചു.