ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാൻ നിയമമുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ഇല്ലാതെ കേസെടുക്കാനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആർക്കും പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു.’പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതിൽ സാങ്കേതിക വശം പറയാൻ ഞാൻ ഇപ്പോൾ ആളല്ല.
എന്നാൽ, ഒരു കാര്യം വ്യക്തമായി പറയാം, നേരിട്ട് പരാതി ഉണ്ടങ്കിലോ ഇല്ലെങ്കിലോ സ്വമേധയോ കേസെടുക്കാൻ ഇന്ത്യയിൽ നിയമസംവിധാനമുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിൽ തടസ്സമില്ല. പരിഷ്ക്കരിച്ച നിയമങ്ങൾ നിലവിലുണ്ട്. നിയമത്തിന്റെ മുന്നിൽനിന്ന് ഏത് രംഗത്ത് ഉള്ളവരായാലും ഒഴിഞ്ഞുനിൽക്കാൻ പറ്റില്ല’, അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുള്ള പൊതുനിലപാട്.
കേവലം ഒരു ജനറൽ റിപ്പോർട്ടിന്റെ ഭാഗമായി ഇന്ന വ്യക്തി അല്ലെങ്കിൽ ഇന്ന സ്ഥാപനത്തിന് എതിരെ നടപടികൾ എടുക്കാൻ നിയമപരമായി തടസ്സമുണ്ടെന്നായിരുന്നു മുൻ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നേരത്തേ പ്രതികരിച്ചത്.