യുഎഇയിൽ താമസ വിസയിൽ അഞ്ച് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുറഞ്ഞത് 10,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന് അധികൃതർ. സ്പോൺസർ ചെയ്യുന്ന വ്യക്തിയ്ക്ക് അതിനാവശ്യമായ താമസ സൌകര്യങ്ങളും ഉണ്ടായിരിക്കണം.
2022 ഒക്ടോബർ 3-ന് നടപ്പിലാക്കിയ കാബിനറ്റ് പ്രമേയത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി ഇത് സംബന്ധിച്ച പ്രമേയം പുറപ്പെടുവിച്ചു.
ആറ് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. മാത്രമല്ല, ആറിലധികം ബന്ധുക്കളെ കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ അപേക്ഷകൾ ഡയറക്ടർ ജനറൽ വിശദമായി പരിശോധിക്കും.
ടൂറിസ്റ്റ് എൻട്രി വിസകൾ, ഗോൾഡൻ – ഗ്രീൻ റസിഡൻസികൾ, ലാൻഡ് പോർട്ടുകൾ വഴി ട്രക്ക് ഡ്രൈവർമാർക്കുള്ള എൻട്രി പെർമിറ്റുകൾ, ക്രൂയിസ് കപ്പലുകളിലെ തൊഴിലാളികൾക്കുള്ള പ്രവേശന പെർമിറ്റുകൾ, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കുന്നതിനുള്ള പ്രവേശന പെർമിറ്റുകൾ അടക്കം 15ൽപരം വിസകൾക്ക് ഇത് ബാധകമായിരിക്കും. വ്യവസായ പര്യവേക്ഷണ വിസകൾ, പ്രത്യേക അന്താരാഷ്ട്ര റസിഡൻസ് വിസകൾ, മറ്റ് മാനുഷിക കേസുകളും ഇതിൽ വരും.
കൂടാതെ പാസ്പോർട്ടോ ഐഡി കാർഡോ നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ, ഉടമ രാജ്യത്തിനകത്തായാലും പുറത്തായാലും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രമേയം വിശദീകരിക്കുന്നുണ്ട്. ഐസിപിയുടെ സ്മാർട്ട് സർവീസ് പ്ലാറ്റ്ഫോമിലൂടെ യുഎഇയിൽ പ്രവേശിക്കാനുള്ള അപേക്ഷ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം മുൻപെങ്കിലും ബന്ധപ്പെട്ട സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് രേഖകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യണമെന്ന് പ്രമേയം വ്യക്തമാക്കുന്നു.