ചന്ദ്രനിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ട് ആർട്ടിമിസ് എന്ന പേരിൽ നാസ നടപ്പിലാക്കിയ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതേസമയം ചന്ദ്രനും ഭൂമിക്കുമിടയിൽ ഡേറ്റ കൈമാറുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് ഇത് ഒരിക്കലും സാധ്യമല്ല.
സ്വകാര്യകമ്പനികളായ അക്വേറിയൻ സ്പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പുതിയ പരീക്ഷണ പദ്ധതിയ്ക്ക് തയാറെടുക്കുന്നത്. ഇപ്പോൾ ഭൂമിയിൽ എല്ലാ സെൽഫോൺ ടവറുകളും വൈഫൈ ഹോട്ട്സ്പോട്ടുകളും നെറ്റ്വർക്ക് കണക്റ്റിവിറ്റി നൽകാനുള്ള വസ്തുക്കളും ലഭ്യമാണ്. അത് മനുഷ്യരുടെ ദൈനംദിന ജീവിതഗതിയെ ശരിക്കും മാറ്റിമറിച്ചതായും നാസയിലെ പ്രധാന ഗവേഷകനും ഡിവിഷൻ ആർക്കിടെക്റ്റുമായ ഡേവ് ഇസ്രായേൽ പറഞ്ഞു.
ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശയാത്രികർക്കും റോബോട്ടിക് ദൗത്യങ്ങൾക്കും ആ അനുഭവം സാധ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ അത് ചൊവ്വയിലേക്കും വ്യാപിപ്പിക്കാൻ ശ്രമമുണ്ടാകും. അതേസമയം അടുത്തവർഷം ആർട്ടിമിസ് 2 ന്റെ പരീക്ഷണ ദൗത്യത്തിനും നാസ പദ്ധതിയിടുന്നുണ്ട്. ഈ ദൗത്യം കഴിഞ്ഞാൽ മാത്രമേ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളുവെന്നും നാസ വൃത്തങ്ങൾ അറിയിച്ചു.