ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ കഹ്റാമൻമാരാസ് പ്രവിശ്യയിലേക്ക് സഹായവുമായി ഒരു 24 കാരി. വസ്ത്രങ്ങൾ, പർവത ഉപകരണങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, മരുന്നുകൾ എന്നിവയുമായി ഈ യുവതി സ്വന്തം ട്രക്ക് ഓടിച്ചുപോയി. ഗൾഫെം സെംഗിൻ എന്ന ഈ യുവതി ലിയോൺ മുതൽ കഹ്റാമൻമാരാസ് വരെ 4,300 കിലോമീറ്ററാണ് സ്വയം ട്രക്ക് ഓടിച്ചുപോയത്.
തെക്കൻ തുർക്കിയിലെ ഇരട്ട ഭൂകമ്പങ്ങളെക്കുറിച്ചുള്ള വാർത്ത കേട്ട് ലോകം മുഴുവൻ അമ്പരപ്പിലായിരുന്നു. തുർക്കി കുടിയേറ്റക്കാർക്ക് ജനിച്ച ഫ്രഞ്ച് പൗരയാണ് ഗൾഫെം സെൻഗിൻ. ഭൂകമ്പ വാർത്ത സെൻഗിനെയും സങ്കടത്തിലാക്കി. അങ്ങനെ ഫ്രഞ്ച് നഗരമായ ലിയോണിൽ നിന്ന് ഈ യുവതി തെക്കൻ തുർക്കിയെയിലെ കഹ്റാമൻമാരസിലേക്ക് സഹായവുമായി യാത്ര പുറപ്പെട്ടു.
തുർക്കിയിലെ കുടിയേറ്റക്കാർ മാനുഷിക സഹായം എത്തിക്കുന്നതിനായി സെംഗിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് സാഹസികമായ യാത്ര നടത്താൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. ഒറ്റയ്ക്കായിരുന്നതിനാൽ അസാധ്യമായിരുന്നു ഈ യാത്ര. പക്ഷേ ഇത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനെക്കുറിച്ചാണെന്ന് ഓർത്തപ്പോൾ യാത്ര അനിവാര്യമാണെന്ന് തീരുമാനിച്ചു.
ലിയോണിൽ നിന്ന് തുർക്കിയേയുടെയും ബൾഗേറിയയുടെയും അതിർത്തിയിലുള്ള എഡിർനെ പ്രവിശ്യയിലേക്കായിരുന്നു യാത്ര. അതിന് തുർക്കി അതിർത്തി ക്രോസിംഗ് പോയിന്റായ കപികുലെയിലെത്തി. തുർക്കി കുടിയേറ്റക്കാർക്ക് ജനിച്ച ഫ്രഞ്ച് പൗരന്മാരിൽ നിന്ന് ശേഖരിച്ച ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും വളർത്തുമൃഗങ്ങളുടെ ഭക്ഷണവുമായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച കഹ്റാമൻമാരസിലെത്തി.
തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് സെംഗിൻ സഹായം ദുരിതമനുഭവിക്കുന്നവരിൽ എത്തിച്ചു. ഉറക്കമില്ലാതെ വേഗത്തിൽ വണ്ടിയോടിച്ചാണ് കഹ്റമൻമാരസിലെത്തിയത്. അതേസമയം കുടുംബം സെംഗിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. യാത്രയിലുടനീളം കുടുംബത്തിന് വീഡിയോകൾ അയച്ചിരുന്നുവെന്നും സെൻഗിൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഫെബ്രുവരി 6 ന് തെക്കൻ തുർക്കിയെ വിറപ്പിച്ച രണ്ട് ശക്തമായ ഭൂകമ്പങ്ങളിൽ 40,689 പേർ കൊല്ലപ്പെട്ടു.. 7.7-ഉം 7.6-ഉം തീവ്രതയുള്ള ഭൂകമ്പങ്ങൾ കഹ്റാമൻമാരാസ് ഉൾപ്പെടെയുള്ള 11 പ്രവിശ്യകളിലായി 13 ദശലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്.