വാലന്റൈൻസ് ദിനത്തിൽ ചുംബിച്ച് ഗിന്നസ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കയിലെ ദമ്പതികൾ. വെള്ളത്തിനടിൽ നിന്നുകൊണ്ട് ഏറ്റവും കൂടുതൽ സമയം ചുംബിച്ചതിന്റ ലോക റെക്കോഡാണ് ബെത് നീലും കാനഡയിൽ നിന്നുള്ള മൈൽസ് ക്ലോറ്റിയറും സ്വന്തമാക്കിയത്. നാല് മിനിറ്റും ആറ് സെക്കന്റും നീണ്ടുനിൽക്കുന്നതായിരുന്നു ഇവരുടെ ചുംബനം.
മാലദ്വീപിലെ ഒരു ഹോട്ടലായിരുന്നു ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള വേദി. ശ്രമം ആരംഭിക്കുന്നതിന് മുൻപ് രാവിലെ 7.30 ന് ശ്വാസം പിടിച്ചു നിർത്തുന്നതിനുള്ള വാമപ്പും രണ്ട് ട്രയലുകളും നടന്നു. ഒടുവിൽ 13 വർഷം മുൻപ് ഇറ്റാലിയൻ ടിവി ഷോയിൽ പിറന്ന മൂന്ന് മിനിറ്റ് 24 സെക്കന്റ് എന്ന റെക്കോഡ് ബെതും മൈൽസും തകർത്തു.
പ്രതീക്ഷിച്ചതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ലക്ഷ്യം കാണുക എന്നത്. ഇത്രയും സമയം ശ്വാസം പിടിച്ചു നിർത്തുക ഏറ്റവും പ്രയാസകരമായിരുന്നു. എന്നാൽ വെള്ളത്തിന് മുകളിലേക്കെത്തി ശ്വാസം എടുക്കാൻ തോന്നിയപ്പോഴൊക്കെ മനസിൽ ഗിന്നസ് റെക്കോഡ് മാത്രമായിരുന്നു. മുഖത്തോട് മുഖം നോക്കി ഇരുവരും പരസ്പരം പിന്തുണ നൽകി ദൗത്യം പൂർത്തിയാക്കി.
എന്നാൽ വെള്ളത്തിനടിയിൽ സിനിമ ചിത്രീകരിച്ച് പരിചയമുണ്ടെങ്കിലും ഇത്തരമൊരു ദീർഘചുംബനം ഒട്ടും എളുപ്പമല്ലെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തൽ. വാലന്റൈൻസ് ദിനത്തിലെ പ്രണയത്തിന്റെയും ലോക റെക്കോർഡിന്റെയും വിജയം മകൾക്കൊപ്പം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ.